ഫലാഫിൽ
ഒന്നര വർഷം മുമ്പ് കഴിച്ച ഫലാഫിലിന്റെ ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകൾ തന്നെയാണ് ഇന്നത്തെ ഈ യാത്രക്ക് പ്രചോദനമായത്.
എമിറേറ്റുകളിൽ ഏറ്റവും ഇളയവളായ ഉമ്മുൽ ഖുവൈൻ യാത്രയുടെ ലക്ഷ്യമാകാൻ പ്രധാനപ്പെട്ട മറ്റൊരു കാരണം കൂടിയുണ്ട്. പ്രിയ സുഹൃത്തും നാട്ടുകാരനുമായ ഫഖ്‌റുദ്ധീൻ ജോലി ചെയ്യുന്നത് അവിടെയാണ്.. ഒന്നര വർഷം മുമ്പ് അവൻ തന്ന വലിയ സ്വീകരണം തന്നെയാണ് കാർ വീണ്ടും അങ്ങോട്ട് തന്നെ തിരിക്കാൻ കാരണമായത്.
വർഷാരംഭം പൊതു അവധി ആയതിനാൽ 2019 ലെ ആദ്യയാത്ര ജനുവരി 1 നു തന്നെയാണ്. ഷാർജ - ദുബായ് ബോർഡറായ അൽനഹ്ദയിൽ നിന്നും ഏകദേശം 50 കിലോമീറ്റർ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ചെറിയ ഒരു എമിറേറ്റ് ആണ് ഉമ്മുൽ ഖുവൈൻ. പ്രധാന വരുമാനം പെട്രോളിയം പ്രോഡക്ടുകളിൽ നിന്ന് വിഭിന്നമായി മൽസ്യബന്ധനത്തിലും ടൂറിസത്തിലും ശ്രദ്ധ കേന്ത്രീകരിച്ചിരിക്കുന്ന, താരതമ്യേനെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു എമിറേറ്റ് കൂടിയാണ് ഉമ്മുൽ ഖുവൈൻ.
വൈകുന്നേരത്തോടെയാണ് യാത്ര ആരംഭിക്കുന്നത്. കാറിന്റെ മുൻസീറ്റിൽ ജേഷ്ടന്മാരായ ഇർഷാദും സമീറും സ്ഥാനമുറപ്പിച്ചിട്ടുണ്ട്. പിറകിൽ ഷാഫിയും ഫാരിസും പിന്നെ ഞാനും. വാഹന നിയന്ത്രണം ഇർഷാദിന്റെ കൈകളിൽ സുഭദ്രമാണ്.
ഷാർജ റിങ്‌റോഡിൽ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിൽ സായ്ദ് റോഡിലേക്ക് വാഹനം കയറിയിരിക്കുന്നു..
ഇത് ഒരു രാജകീയ പാത തന്നെയാണ് ആറ് വരികളിലായാണ് ഒരു ദിശയിലേക്ക് മാത്രം വാഹനങ്ങൾ ഒഴുകുന്നത്. UAE യിലെ റോഡുകളും പാലങ്ങളും കെട്ടിട സമുച്ചയങ്ങളും എന്നും അത്ഭുതമാണ്...കിലോമീറ്ററുകളോളം റോഡിൻ്റെ ഇരുവശത്തുമായുള്ള കോൺക്രീറ്റുകാടുകൾ പിന്നിട്ട് വാഹനം നോക്കെത്താ ദൂരത്തോളും പരന്ന് കിടക്കുന്ന മണൽക്കാടിനു നടുവിലൂടെയാണ് സഞ്ചരിക്കുന്നത്..
തെളിഞ്ഞ ആകാശവും നല്ല അന്തരീക്ഷവും കാഴ്ചകൾക്ക് എന്നും ഹരമാണ്. ഇത് മിഡിലീസ്റ്റിലെ വസന്ത കാലം കൂടിയാണ്. ലക്ഷക്കണക്കിന് ടൂറിസ്റ്റുകൾ UAE യിലേക്ക് പറന്നിറങ്ങുന്ന ഉത്സവകാലം..
ഡിസ്സേർട് സഫാരിക്കായി എത്തിയ വിനോദ സഞ്ചാര സംഘങ്ങളെ പലയിടങ്ങളിലും കാണാം. UAE ടൂറിസത്തിന്റെ പ്രധാന ഐറ്റങ്ങളിൽ ഒന്നായ ഡിസ്സേർട് സഫാരി ധാരാളം നടക്കുന്ന ഒരു ഏരിയ കൂടിയാണ് ഇത്.
സൂര്യൻ അസ്തമിക്കാൻ തെയ്യാറെടുക്കുകയാണ്..ആകാശം ചുവന്ന് തുടങ്ങിയിരിക്കുന്നു..
റോഡിൻറെ ഇരുവശത്തും കണ്ണെത്താ ദൂരം കാറ്റിന്റെ സ്നേഹ സ്പർശത്താൽ കൊത്തുപണികൾ തീർത്ത മണൽ കൂനകൾ, അങ്ങിങ്ങായി ചിതറിക്കിടക്കുന്ന കുറ്റിച്ചെടികൾ, പ്രൗഢിയോടെ തല ഉയർത്തി നിൽക്കുന്ന ഈന്തപ്പനകൾ, മരുക്കപ്പൽ എന്ന് വിശേഷിപ്പിക്കുന്ന ഒട്ടകകൂട്ടങ്ങൾ.. എല്ലാം കണ്ണിനു കുളിർമയേകുന്ന കാഴ്ചകളാണ്...
കുട്ടിക്കാലത്തു കേട്ട്മറന്ന അറബിക്കഥകളിലെ ഖാഫിലക്കൂട്ടങ്ങൾ മനസ്സിൽ തെളിയാൻ തുടങ്ങിയിരിക്കുന്നു.. മരുഭൂമിയുടെ സൗന്ദര്യം വർണ്ണനകൾക്കതീതമാണ്..
പ്രവാചക ചരിത്രങ്ങൾ പലതും മനസ്സിൽ മിന്നി മറഞ്ഞു.. ഈ മരുഭൂമിയുടെ മറ്റൊരു അറ്റത്തു തന്നെയായിരുന്നല്ലോ നൂറ്റാണ്ടുകൾക്ക് മുൻപ് അവർ ആടിനെ മേച്ചതും ജീവിതം നയിച്ചതും ഹിജ്‌റ പോയതുമെല്ലാം.. അന്നത്തെ അവരുടെ ജീവിതം എങ്ങനെയായിരിക്കും? അന്നത്തെ ജീവിത സാഹചര്യങ്ങളിൽ അവർ അനുഭവിച്ച ത്യാഗങ്ങളും കഷ്ടപ്പാടുകളും എത്രയായിരിക്കും..?!
ആയിരം വർഷങ്ങൾക്കപ്പുറത്തേക്ക് നയിച്ച ചിന്തകൾക്ക് വിരാമമിട്ട് വാഹനം ഉമ്മുൽ ഖുവൈൻ കടൽ തീരത്ത് കാല് കുത്തിയിരിക്കുന്നു.. AD 500കളിൽ നിന്ന് 2019 ലേക്ക് തിരിച്ചുവരാൻ മനസ്സിന് അധികസമയം വേണ്ടിവന്നില്ല..
UAE യിലെ മറ്റു ബീച്ചുകളെ പോലെ തന്നെ വളരെ വൃത്തിയുള്ള കടൽത്തീരം.. സന്ദർഷകർ മറ്റു ബീച്ചുകളെ അപേക്ഷിച്ച് കുറവാണെങ്കിലും വിസിറ്റേസിന് ഗവൺമെൻ്റ് നൽകുന്ന പ്രാധാന്യം വില കുറച്ച് കാണാനാകില്ല.
വാഹന പാർക്കിംഗ് ഏരിയയും റോഡിൽ നിന്ന് കടൽതീരത്തേക്ക് നിർമിച്ച സ്റ്റെപ്സുകളും വഴി വിളക്കുകളും കടലിന് സമാന്തരമായി തല ഉയർത്തി നിൽക്കുന്ന ഗ്രഹാതുരത്വം തുളുമ്പുന്ന ബീച്ച് റിസോർട്ടുകളും ഏതൊരു സഞ്ചാരിയേയും ആകർഷിക്കാനുതകുന്നതാണ്..
ചെഞ്ചായം ചാലിച്ച ആകാശച്ചെരുവിൽ പഞ്ഞിക്കെട്ടുകൾ പോലെ അങ്ങിങ്ങായി ചലിക്കുന്ന മേഘങ്ങൾക്കിടയിൽ കത്തി ജ്വലിക്കുന്ന സൂര്യൻ്റെ പ്രഭ സമുദ്രത്തെ സ്വർണ്ണ വർണ്ണമാക്കിയിട്ടുണ്ട്...
എന്തൊരു മനോഹരമായ കാഴ്ചയാണിത്!!
എത്ര കണ്ടാലും മതിവരാത്ത അതി മനോഹരമായ ഒരു സായാഹ്നം തന്നെയാണ് ഉമ്മുൽ ഖുവൈൻ ഞങ്ങൾക്കായി ഒരുക്കിയത്..!
ദേശാടനപ്പക്ഷികളുടെ കൂട്ടം കൂട്ടമായുള്ള സഞ്ചാരവും പാരാഗ്ലൈഡിംഗ് സവാരികളും കടൽ തീരത്തെ കൂടുതൽ സുന്ദരിയാക്കുന്നു..
വളരെ ശാന്തമായി തിരയിളകുന്ന കടലിൻ്റെ അങ്ങേ അറ്റത്ത് കൂടെ ചരക്ക് കപ്പലുകൾ നീങ്ങുന്നത് അവ്യക്തമായി കാണാം..
കുടുംബ സമേതം വന്ന് വട്ടം കൂടിയിരുന്ന് ഭക്ഷണം കഴിക്കുന്നവരും സ്വറ പറഞ്ഞിരിക്കുന്നവരും പല പല വിനോദങ്ങളിലേർപ്പെട്ടവരും നീന്തിക്കുളിക്കുന്നവരും ബാർബിക്യു തയ്യാറാക്കുന്നവരുമായി തീരം സജീവമാണ്..


